വില്ലേജ് : ബല്ല, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, പുതുക്കൈ
താലൂക്ക് : ഹോസ്ദുര്‍ഗ്
അസംബ്ലി മണ്ഡലം : ഹോസ്ദുര്‍ഗ്
പാര്‍ലമെന്റ് മണ്ഡലം : കാസര്‍ഗോഡ്
അതിരുകള്‍
വടക്ക്: അജാനൂര്‍ പഞ്ചായത്ത്, കിഴക്ക്: മടിക്കൈ പഞ്ചായത്ത്, നീലേശ്വരം മുനിസിപ്പാലിറ്റി, തെക്ക്: നീലേശ്വരം മുനിസിപ്പാലിറ്റി, പടിഞ്ഞാറ്: അറബിക്കടല്‍.
ഭൂപ്രകൃതി
സമുദ്രനിരപ്പിനോടു ചേര്‍ന്നു കിടക്കുന്ന കാഞ്ഞങ്ങാട് ഒരു തീരദേശപ്രദേശമാണ്. അതുകൊണ്ടുതന്നെ മലമ്പ്രദേശങ്ങള്‍ തീരെയില്ല. ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും സമതല പ്രദേശമാണ്. അപൂര്‍വ്വം ചിലയിടങ്ങളില്‍ ചെറിയ കുന്നുകള്‍ കാണുന്നുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പൂഴി പ്രദേശങ്ങളും ഇടയില്‍ പൂഴിയും മണ്ണും കലര്‍ന്ന വളക്കൂറുള്ള എക്കല്‍മണ്ണും കിഴക്കന്‍ പ്രദേശങ്ങളില്‍ വനപ്രദേശങ്ങളും ഇടയ്ക്കൊക്കെ ചരല് കലര്‍ന്ന പശിമരാശി മണ്ണുമാണ്.
ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
മാരിയമ്മന്‍ കോവില്‍, ലക്ഷ്മി വെങ്കടേശ്വര ക്ഷേത്രം, മാതോത്ത് മഹാ വിഷ്ണു ക്ഷേത്രം, അതിയാസൂര് സുബ്രഹ്മണ്യക്ഷേത്രം, ശാലിയ സമുദായക്കാരുടെ അറയില്‍ ഭഗവതി ക്ഷേത്രം, മുക്കുവ സമുദായക്കാരുടെ കൈക്ലോന്‍ ദേവാലയം എന്നീ പ്രാചീനവും പ്രധാനവുമായ ഹൈന്ദവ ആരാധനാലയങ്ങളും, കാഞ്ഞങ്ങാട്ടെ ആദ്യ മുസ്ലീം പള്ളിയായ ആറങ്ങാടി പള്ളി, പടന്നക്കാട് പള്ളി, ഹോസ്ദുര്‍ഗ്ഗിലെ ഫഖീര്‍ തഖിയ്യ് വലിയള്ളയുടെ മഖാം, കൊവ്വല്‍ പള്ളി മഖാം, കാഞ്ഞങ്ങാട്ട് ഇന്ന് നിലനില്ക്കുന്നതില് വലിയ പള്ളിയായ നൂര്‍ ജുമാ മസ്ജിദ് എന്നീ മുസ്ളീം ആരാധനാലയങ്ങളും, ഹോസ്ദുര്‍ഗ്ഗിലെ സി എസ് ഐ ചര്‍ച്ച്, കത്തോലിക്ക ചര്‍ച്ച് എന്നീ രണ്ടു ക്രിസ്തീയ ആരാധനാലയങ്ങളും ഉള്‍പ്പെടെ നിരവധി ആരാധനാലയങ്ങള്‍ വിവിധ മതസ്ഥരുടേതായി ഇവിടെയുണ്ട്. കൂടാതെ നിത്യാനന്ദാശ്രമം, ആനന്ദാശ്രമം, ഖാസി ഹൌസ് എന്നീ ആത്മീയ കേന്ദ്രങ്ങളും ഇവിടെയുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
സാംസ്ക്കാരിക തനിമയും, പ്രകൃതിഭംഗിയും ആസ്വദിക്കാനുതകുംവിധം രൂപപ്പെടുത്തിയെടുക്കുവാന്‍ പറ്റിയ ഭൂപ്രകൃതിയാണിവിടെ. നിത്യാനന്ദാശ്രമം, ചിരപുരാതനമായ ഹോസ്ദുര്‍ഗ്ഗ് കോട്ട, റാണിപുരം, കോട്ടച്ചേരി എന്നിവയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ ഉതകുന്നവയാണ്.