മുനിസിപ്പാലിറ്റി രൂപീകരിച്ച തിയതി/വര്‍ഷം 01/06/1984
പ്രാക് ചരിത്രം
സംഘഘട്ടത്തില് ഈ പ്രദേശം പൂഴിനാട് എന്നാണ് വിളിക്കപ്പെട്ടിരുന്നത്. മൂഷിക വംശത്തിന്റെ കീഴിലായ ഈ പ്രദേശം ചേരമാന്‍ പെരുമാക്കന്മാരുടെയും തുടര്‍ന്ന് കോലത്തിരിയുടെയും കീഴിലായി. കോലത്തിരി രാജവംശത്തിന്റെ അന്ത:ഛിദ്രം മൂലം ഇളംകൂറിന്റെ വാഴ്ച അവസാനിക്കുകയും ശക്തരായ എട്ടുകുടക്കല്‍ പ്രഭുക്കന്മാര് എന്നറിയപ്പെടുന്ന ഇടപ്രഭുക്കന്മാര് ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു. ഇവരില്‍ ശക്തന് മടിയന്‍ കോവിലകം കേന്ദ്രമാക്കി ഭരിച്ച അള്ളോനായിരുന്നു. സാമൂതിരിയുടെ സഹായത്തോടെ കോലത്തിരി അള്ളോനെ വധിച്ച് നീലേശ്വരം ആസ്ഥാനമായി പുതിയൊരു രാജവംശം സ്ഥാപിക്കുകയും ചെയ്തു. പണ്ട് കാഞ്ഞങ്ങാട് എല്ലാം കൊണ്ടും പ്രാധാന്യമേറിയ ഒരു തുറമുഖം കൂടിയായിരുന്നു. അതിനാല്‍ വിജയനഗര രാജാക്കന്മാര് തുളു നാടിനെ ആക്രമിക്കുന്ന കൂട്ടത്തില്‍ കാഞ്ഞങ്ങാടിനെയും ആക്രമിച്ചു. വിജയനഗരത്തിന്റെ പതനത്തിനു ശേഷം ഇക്കേരി രാജാക്കന്മാര് 1630 മുതല്‍ ഈ പ്രദേശത്തെ നിരന്തരമായി ആക്രമിച്ചു. 1731 ല്‍ സോമശേഖര നായ്ക് കാഞ്ഞങ്ങാട്ടുള്ള കോട്ട പുതുക്കി പണിതു. 1763 ല്‍ ഇക്കേരി നായ്ക്കന്മാരില് നിന്നും ഹൈദരാലി ഈ പ്രദേശം കീഴ്പ്പെടുത്തുകയും തെക്കന്‍ കനറാ ജില്ലയില്‍ ലയിപ്പിച്ച് തന്റെ അധീനതയിലാക്കുകയും ചെയ്തു. പിന്നീട് 1792 വരെ ടിപ്പു സുല്‍ത്താന്റെ ഭരണകാലത്തും ഇതേ നില തുടര്‍ന്നു. 1792 ല്‍ കോട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലായി. ഈ പ്രദേശങ്ങള്‍ക്കുവേണ്ടി അവര്‍ ഒരു താലൂക്ക് സ്ഥാപിക്കുകയും ചെയ്തു. കര്‍ണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഈ സ്ഥലം ബോംബെ സംസ്ഥാനത്തില്‍ പെടുത്തി. 1863 ല്‍ തെക്കന്‍ കര്‍ണ്ണാടക ജില്ല മദ്രാസ് പ്രവിശ്യയുടെ കീഴിലായി.
സ്ഥലനാമോല്പത്തി
വടക്കന്‍ പാട്ടുകളില്‍ പറയുന്നത് കാഞ്ഞിരം കാട്ടപ്പന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും അതിലൂടെയാണ് കാഞ്ഞിരംകാട് കാഞ്ഞങ്ങാടായി മാറിയതെന്നുമാണ്. സ്ഥലനാമത്തോടനുബന്ധിച്ച മറ്റൊരു കഥ ഇവിടം കോലത്തിരിയുടെ പ്രതിനിധിയായ കാഞ്ഞന്‍ എന്ന ആദിവാസി ഇടപ്രഭു ഭരിച്ചിരുന്നുവെന്നും കാഞ്ഞന്റെ നാട് കാഞ്ഞങ്ങാടായി മാറി എന്നതാണ്. കാഞ്ഞിരങ്ങാടായിരിക്കണം കാഞ്ഞങ്ങാടായി രൂപാന്തരപ്പെട്ടത് എന്നും കരുതുന്നു. സംസ്കൃതമയമായ 'കാഞ്ചനഘട്ട' മാണ് കാഞ്ഞങ്ങാടായതെന്നും ഐതിഹ്യമുണ്ട്.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
1925 ല്‍ എ.സി.കണ്ണന് നായര്‍, കെ.ടി.കുഞ്ഞിരാമന് നമ്പ്യാര്‍ എന്നിവര്‍ ഭാരവാഹികളായി കാഞ്ഞങ്ങാട്ടെ ആദ്യത്തെ കോണ്‍ഗ്രസ്സ് കമ്മിറ്റി നിലവില്‍ വന്നു. സൈമണ്‍ കമ്മിഷന് ബഹിഷ്ക്കരണം, നിസ്സഹകരണ പ്രസ്ഥാനം എന്നിവയില്‍ ഈ പ്രദേശങ്ങളിലെ ജന്മിമാരും, സാധാരണക്കാരുമായി അനേകം പേര് പങ്കെടുക്കുകയുണ്ടായി. പി.കേളു നായര്‍ 1926 ല്‍ സ്ഥാപിച്ച വിജ്ഞാനദായിനി ദേശീയ സ്ക്കൂള്, ദേശീയ സമരത്തിന്റെ പ്രവര്‍ത്തനകേന്ദ്രമായി മാറി. സ്ക്കൂളില്‍ ഇതിന് നേതൃത്വം കൊടുത്തത് എ.സി.കണ്ണന് നമ്പ്യാര്‍, ഇ.രാഘവപണിക്കര്‍, ദാമോദരഭക്തന് എന്നീ അദ്ധ്യാപകരായിരുന്നു. 1928 മെയ് 26,27 തിയതികളില്‍ പയ്യന്നൂരു നടന്ന സംസ്ഥാന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ഇവര്‍ പങ്കെടുക്കുകയും, കാഞ്ഞങ്ങാട്ടുകാരനായ കെ.മാധവന് വോളന്റിയറായി പങ്കെടുക്കുകയും ചെയ്തു. 1930 ല്‍ കെ.കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഉപ്പു സത്യാഗ്രഹ ജാഥയില്‍ ഇവിടെ നിന്നും 5 പേര് പങ്കെടുക്കുകയുണ്ടായി. 1921 ലെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹജാഥ, 1942-ലെ ക്വിറ്റ് ഇന്ത്യാ സമരം എന്നിവയില്‍ ഇവിടെ നിന്നുള്ള സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. അയിത്തത്തിനെതിരെ സമരം ചെയ്യുകയും, പന്തി ഭോജനം നടത്തുകയും ചെയ്ത എ.സി.കണ്ണന് നായര്‍ 1925-ലെ ഹോസ്ദുര്‍ഗ് താലൂക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ഇദ്ദേഹമാണ് കോട്ടച്ചേരിയില്‍ വല്ലഭായ് വായനശാല ആരംഭിച്ചത്. സംസ്കൃതത്തില്‍ ഉപരിപഠനം നടത്തിയിട്ടുള്ള വിദ്വാന് പി.കേളു നായര്‍, കള്ളുഷാപ്പ് പിക്കറ്റിംഗിനോടനുബന്ധിച്ച് കണ്ണു നഷ്ടപ്പെട്ട ഗാന്ധി കൃഷ്ണന് നായര്‍, ചെറുപ്പത്തില്‍ തന്നെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എച്ച്. വാസുദേവ്, ദാമോദര ഷേണായി, ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത കെ.മാധവന്, ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് പോലീസ് പീഡനം അനുഭവിക്കേണ്ടി വന്ന അച്ച്യുതഷേണായി.കെ, ശക്തി മാസികയുടെ പത്രാധിപര്‍, 1926-ലെ കേരള കോണ്‍ഗ്രസ് സമ്മേളനത്തിലെ വോളന്റിയര്‍ ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കെ.ടി.കുഞ്ഞിരാമന് നമ്പ്യാര്‍ എന്നിവര്‍ ഇവിടുത്തെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖരാണ്.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍
എ.സി.കണ്ണന് നായര്‍ കോട്ടച്ചേരിയില്‍ സ്ഥാപിച്ച വല്ലഭായ് വായനശാല ദേശീയ പ്രസ്ഥാനത്തിന്റെ ഈ പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമായി.
വാണിജ്യ-ഗതാഗത പ്രാധാന്യം
കാഞ്ഞങ്ങാട്ടിലും പരിസര പ്രദേശങ്ങളിലും കണ്ടു വരുന്ന ചേടി ഖനനം ചെയ്ത് സംസ്ക്കരിച്ച് കയറ്റി അയക്കുന്നുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള കശുവണ്ടി ഉല്പാദിപ്പിക്കുന്നത് കാഞ്ഞങ്ങാട് ജില്ലയിലാണ്. ഇത് കയറ്റി അയക്കുന്നതിലൂടെ ധാരാളം വിദേശ നാണ്യം നേടിത്തരുന്നതിന് ഈ വ്യവസായത്തിന് കഴിയുന്നുണ്ട്. കാഞ്ഞങ്ങാടിലെ ഏറ്റവും വലിയ പൊതുമേഖല വ്യവസായ സ്ഥാപനം വാഴുത്തോറൊടിയിലെ ചൈനാ ക്ലേ ഫാക്ടറിയാണ്.
പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍
1984 ജൂണ്‍ ഒന്നിന് അന്നുവരെ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായിരുന്ന കാഞ്ഞങ്ങാടിനെ നഗരസഭയായി ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. തുടര്‍ന്ന് 1988 വരെ ഭരണം സ്പെഷ്യല്‍ ഓഫീസറായിരുന്നു നടത്തി വന്നത്. 1988 ല്‍ തെരഞ്ഞെടുപ്പ് നടത്തുകയും 1988 ഫെബ്രുവരി 8 ന് കെ.എം.ശംസുദ്ദീന്‍ മേയറായുള്ള പ്രഥമ ജനകീയ കൌണ്‍സില്‍ അധികാരമേറ്റെടുത്തു.